കണ്ണൂര്‍: കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്യുന്ന സംരംഭമായ ഹോപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ആഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരം, ആലുവ, കണ്ണൂര്‍ എന്നിവിടങ്ങളിലായി മൂന്ന് മേഖല പഠനക്യാമ്പുകള്‍ നടത്തും. കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 12, 13 തിയ്യതികളില്‍ നടക്കുന്ന ഉത്തരമേഖലാ ക്യാമ്പ് 12ന് കാലത്ത് പത്ത് മണിക്ക് നോവലിസ്റ്റ് എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഹോപ്പിന്റെ ഗുണഭോക്താക്കളായ നാനൂറോളം കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും പങ്കെടുക്കും. വിവിധ മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ശാസ്ത്രം, കല, സാഹിത്യം, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്, മനശാസ്ത്രം, ഐടി, ഭാഷാവിജ്ഞാനം, സൈബര്‍ലോകം സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിക്കും. കൂടാതെ കുട്ടികളുടെ കലാപരിപാടികള്‍, ശാസ്ത്രപ്രദര്‍ശനം എന്നിവ നടക്കും. ഹോപ്പിന്റെ ഗുണഭോക്താക്കളായ കുട്ടികളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്ലസ്ടുവിന് ഉന്നതവിജയം നേടി പ്രൊഫഷണല്‍ കോഴ്‌സുകളിലും മറ്റും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതുതായി ആരംഭിക്കുന്ന ഹോപ്പ്പ്ലസ് പദ്ധതിയുടെ സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ നടക്കും. ഫോണ്‍: 7559899235. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഇ.രാകേഷ്, എന്‍.ഇ.ഭാസ്‌കരമാരാര്‍ എന്നിവര്‍ പങ്കെടുത്തു.
















