പെരുവ: പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് ഒരാഴ്ച മുമ്പ്്് റോഡില്‍ പാകിയ ടൈലുകള്‍ ഇളകിത്തെറിക്കുന്നു. പെരുവ-കടുത്തുരുത്തി റോഡില്‍ മാര്‍ക്കറ്റിന് താഴെ പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡാണ് കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് ടൈലുകള്‍ പാകിയത്. ഇപ്പോള്‍ ഇതിന്റെ എണ്‍പത് ശതമാനവും ടൈലുകള്‍ നടുവെ മുറിഞ്ഞും ബാക്കിയുള്ളവ മുകളിലോട്ട് ഇളകിയുമാണ് ഇരിക്കുന്നത്. വാഹനങ്ങള്‍ കയറുമ്പോള്‍ ടൈലുകള്‍ മുകളിലേക്ക് ഇളകിമാറുകയാണ്. പെരുവ മാര്‍ക്കറ്റ് ജംഗ്ഷനിലും, സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്‍വശവുമാണ് റോഡ് തകര്‍ന്ന് കിടന്നത്. തകര്‍ന്ന റോഡില്‍ പെരുവ സുഹ്യത്‌വേദിയുടെ നേത്യത്വത്തില്‍ കൃഷിയിറക്കി പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ടൈലുകള്‍ പാകിയത്. ലക്ഷങ്ങള്‍ മുടക്കി പാകിയ ടൈലുകള്‍ ഒരാഴ്ചക്കുള്ളില്‍ പൊളിഞ്ഞതില്‍ വന്‍ അഴിമതി ഉണ്ടെന്നാണ് ആക്ഷേപം.
















