ന്യൂദല്‍ഹി: അഴിമതിരഹിതമായ പുതിയ ഒരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും പ്രയത്‌നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആഹ്വാനം ചെയ്തത്.
രാജ്യത്തെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും വേണം, അഴിമതിരഹിത ഭീകരവാദ-വര്‍ഗ്ഗീയ മുക്ത ഇന്ത്യയെ വാര്‍ത്തെടുക്കണം. അതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ, ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കിയെന്നും അത് സ്വാതന്ത്ര്യം നേടുന്നതില്‍ നിര്‍ണായകമായെന്നും മോദി പറഞ്ഞു.
ദാരിദ്ര്യവും പോഷകാഹാരക്കുറവും വിദ്യാഭ്യാസ രംഗത്തെ ചില പോരായ്‌മകളും ആരോഗ്യ രംഗത്ത് ഇനിയും മുന്നേറാനുണ്ട് എന്നതുമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇത് 2022ഓടെ മറിക്കാന്‍ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















