കോഴിക്കോട്: ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ താമസിപ്പിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളിലേയും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിലേക്കായി വ്യവസ്ഥകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഗ്രേഡിംഗ് ചെയ്യും. നിശ്ചിത നിലവാരമില്ലാത്ത കെട്ടിടങ്ങളില്‍ താമസം ഒരുക്കുന്ന കെട്ടിടം ഉടമകള്‍ക്കെതിരെ നടപടിയുണ്ടാവും.
വളരെ മോശമായ സാഹചര്യങ്ങളിലാണ് തൊഴിലാളികളെ പല കേന്ദ്രങ്ങളിലും താമസിപ്പിച്ചിരിക്കുന്നതെന്ന് ലേബര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ഇത് തൊഴിലാളികള്‍ക്കിടയിലും പരിസര പ്രദേശങ്ങളിലും രോഗങ്ങള്‍ പൊട്ടി പുറപ്പെടാന്‍ കാരണമാവും. പരമാവധി പത്ത് പേര്‍ക്ക് താമസിക്കാവുന്ന മുറികളില്‍ 20 മുതല്‍ 30 പേര്‍ വരെ താമസിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
താമസ കേന്ദ്രങ്ങളില്‍ നിരന്തര പരിശോധന നടത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ മാസവും പരിശോധനാ റിപ്പോര്‍ട്ട് കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് അവലോകനം ചെയ്യാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.വി. വിപിന്‍ ലാല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ലില്ലി എന്നിവര്‍ പങ്കെടുത്തു.
















