കൊച്ചി: പാര്‍ട്ടിഗ്രാമത്തിലെ മുസ്ലിം ദിവ്യന്റെ സാന്നിദ്ധ്യം വിവാദമാകുന്നു. സിപിഎം ശക്തികേന്ദ്രമായ കണ്ണൂര്‍ കുട്ട്യാട്ടൂര്‍ മണിയൂരിനടുത്ത് വെള്ളം ജപിച്ചുകൊടുത്ത് രോഗം മാറ്റുന്ന ദിവ്യനെക്കുറിച്ചുള്ള വര്‍ത്തമാനം പുറത്തുകൊണ്ടുവന്ന സഖാവിനെ സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വിമര്‍ശനത്തിലൂടെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
ദേശാഭിമാനി മുന്‍ ലേഖകനും മാതൃഭൂമി കൊല്ലം ലേഖകനുമായ രാധാകൃഷ്ണന്‍ പട്ടാനൂര്‍ ഫേസ്ബുക്കിലൂടെയാണ്, പാര്‍ട്ടി ഗ്രാമത്തില്‍ മുസ്ലിം ദിവ്യന്‍ നടത്തുന്ന വിളയാട്ടം ചൂണ്ടിക്കാണിച്ചത്. ശിലായുഗത്തിലേക്കുള്ള നമ്മുടെ മടക്കയാത്ര അതിവേഗത്തിലാണെന്ന് തോന്നുന്നുവെന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റ്, പാര്‍ട്ടി ഗ്രാമത്തില്‍, മുസ്‌ലിയാരുടെ പാനീയ ചികിത്സ തടസമില്ലാതെ നടക്കാന്‍ കാരണം പാര്‍ട്ടിക്കാര്‍ സംഭാവനക്ക് പോകുമ്പോള്‍ കനത്ത തുക നല്‍കുകയും ദേശാഭിമാനിയുടെ വരിക്കാരനാവുകയും ചെയ്യുന്നതുകൊണ്ടാണെന്നും വിമര്‍ശിക്കുന്നു. രാത്രി തന്നെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ബിജു കണ്ടക്കൈയെ കാര്യം ധരിപ്പിച്ചതും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിനെ തുടര്‍ന്ന് വ്യക്തിപരമായും തൊഴില്‍പരമായും ആശയപരമായുമുള്ള എതിര്‍പ്പുകള്‍ ഏറെയുണ്ടായി.
രാധാകൃഷ്ണനെ വിമര്‍ശിക്കുന്ന സഖാക്കളും പ്രാദേശിക നേതാക്കളും മുസ്ലിം ദിവ്യനെ ന്യായീകരിക്കുകയാണ് വിചിത്രം. പാര്‍ട്ടിഗ്രാമമുണ്ടെന്നു സമ്മതിക്കുകയും വെള്ളം ജപിച്ചു നല്‍കുന്നത് ആധുനിക ചികിത്സാ സംവിധാനമായ ‘വാട്ടര്‍ തെറാപ്പി’യാണെന്നുംവരെയാണ് ന്യായീകരണങ്ങള്‍. മണിയൂരില്‍ ജനിച്ചു വളര്‍ന്ന അഹമ്മദ് മൗലവിയാണ് സിദ്ധനെന്നും ഡോക്ടര്‍മാര്‍ പോലും മാറാവ്യാധികള്‍ മാറാന്‍ രോഗികളെ അങ്ങോട്ടേക്ക് അയയ്‌ക്കുന്നുവെന്നും ന്യായീകരിക്കുന്നവര്‍ പ്രതികരിക്കുന്നു. പാര്‍ട്ടിയും സഖാക്കളും ചെയ്യേണ്ടതൊക്കെ ചെയ്‌തെന്ന വിശദീകരണങ്ങളും എഴുതിയതിന് കാല് തല്ലിയൊടിക്കുകയാണ് വേണ്ടതെന്നും പ്രതികരണങ്ങളുണ്ട്.
പാര്‍ട്ടിയേയും പാര്‍ട്ടിപ്പത്രത്തേയും വിമര്‍ശിച്ചതിനെക്കുറിച്ചുള്ള മറുപടിയില്‍ പണ്ട് വയനാട്ടിലുണ്ടായ സമാനമായ സംഭവത്തെക്കുറിച്ച് പട്ടാനൂര്‍ ഇങ്ങനെ എഴുതി: ‘മാനന്തവാടിക്കടുത്തു ഇതുപോലെ ഒരു വെള്ളം ജപിച്ചുകൊടുക്കുന്ന മുസലിയാര്‍ ഉണ്ടായിരുന്നു.. സ്ഥലത്തെ എല്ലാ പാര്‍ട്ടിക്കാരുമായി ഇയാള്‍ക്ക് നല്ല ബന്ധം. നല്ല തുക സംഭാവനായി നല്‍കും…’
എതിര്‍പ്പു ശക്തമായപ്പോള്‍ തന്റെ ഉദ്ദേശ്യം പാര്‍ട്ടിയെ രക്ഷിക്കുകയാണെന്ന് വിശദീകരിക്കുന്ന രാധാകൃഷ്ണന്‍ ഇങ്ങനെ പറയുന്നു: ‘പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് എനിക്കും അതിനുള്ള അവകാശമുള്ളതു കൊണ്ടാണെന്ന് തോന്നല്‍ ഉള്ളത് കൊണ്ടാണെന്നു കരുതിയാല്‍ മതി… ഭരണം ഉണ്ട് എന്നത് ശരിതന്നെ.. എങ്കിലും പാര്‍ട്ടിഗ്രാമങ്ങളില്‍ ആരുമറിയാതെ കാവി പടരുന്നുണ്ട് എന്ന സത്യം തിരിച്ചറിയണം.’
















