പത്തനംതിട്ട: അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ജാതിപറഞ്ഞ് ആക്ഷേപിച്ച സിപിഐ പത്തനംതിട്ട ജില്ലാഅസിസ്റ്റന്റ് സെക്രട്ടറി അഡ്വ. മനോജ് ചരളേലിനോട് ജില്ലാസെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാഎക്‌സിക്യൂട്ടീവില്‍ മനോജ് ചരളേല്‍ എത്താത്തതിനെതുടര്‍ന്ന് വീശദീകരണം രേഖാമൂലം ചോദിച്ചതായി ജില്ലാസെക്രട്ടറി എ.പി. ജയന്‍ പറഞ്ഞു. വെള്ളിയാഴ്‌ച്ചക്കകം വിശദീകരണം നല്‍കണം. ശനിയാഴ്‌ച്ച രാവിലെ 11ന് ജില്ലാ എക്‌സിക്യൂട്ടീവിലും 2ന് ചേരുന്ന ജില്ലാ കമ്മിറ്റിയിലും വിശദീകരണം ചര്‍ച്ചചെയ്യും. പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ അന്തസ്സ് നഷ്ടപ്പെടാനിടയാക്കിയ സംഭവത്തില്‍ നടപടി ഉണ്ടാകും.
സ്വകാര്യഫോണ്‍ സംഭാഷണത്തിനിടയിലാണ് പട്ടികജാതിവിഭാഗത്തില്‍പ്പെട്ട എംഎല്‍എയെ ജാതിപ്പേര് പറഞ്ഞ് അഡ്വ.മനോജ് ചരളേല്‍ അപഹസിച്ചത്. സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും കര്‍ഷകത്തൊഴിലാളിഫെഡറേഷന്‍ ജില്ലാ സെക്രട്ടറിയും എഐവൈഎഫിന്റെ മുന്‍ സംസ്ഥാന ഭാരവാഹിയുമാണ് അഡ്വ.മനോജ് ചരളേല്‍. സിപിഐ നേതാവ് സ്വന്തം പാര്‍ട്ടിയിലെ തന്നെ പട്ടികജാതിക്കാരനായ എംഎല്‍എയെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനെതിരെ കെപിഎംഎസ് പ്രതിഷേധവുമായി രംഗത്തെത്തി. പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി.
















