പാനൂര്‍: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതിമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 2.30ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിക്കും. പി.പി.മുകുന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ പ്രതിഭകളെ അനുമോദിക്കും. സംസ്ഥാന ജില്ലാനേതാക്കള്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന സ്മൃതിസായാഹ്നം എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മാക്കൂല്‍പീടിക ടൗണില്‍ നാലുസെന്റ് സ്ഥലത്തില്‍ മൂന്ന് നിലകളിലായുള്ള സ്മൃതി മന്ദിരമാണ് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 8.30ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ മൊകേരി ഈസ്റ്റ് യുപി സ്‌ക്കൂള്‍ പരിസരത്ത് വെച്ച് ദീപശിഖാ പ്രയാണം ആരംഭിക്കും. കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ വന്ദ്യമാതാവ് ദീപശിഖ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:പ്രകാശ്ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്യും. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പാത്തിപാലം, മുത്താറിപ്പപീടിക വഴി മാക്കൂല്‍പീടികയില്‍ എത്തിചേരും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെപി.സഞ്ജീവ്കുമാര്‍, കണ്‍വീനര്‍ ജയദേവന്‍ മൊകേരി, നിര്‍മ്മാണ കമ്മറ്റി പ്രസിഡണ്ട് കെ.ബാലന്‍, കെടി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















