കണ്ണൂര്‍: ആര്‍എംഎസ്എ പദ്ധതി പ്രകാരം ഹൈസ്‌കൂളുകളാക്കി മാറ്റിയ സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണവും ഗവ.ഹൈസ്‌കൂളുകളിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ 9 ഗവ.സ്‌കൂളുകളില്‍ 7 കോടി 74 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനം 6 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. കൂടാതെ ജില്ലയിലെ 36 ഗവ.ഹൈസ്‌കൂളുകളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഒരു സ്‌കൂളിന് 1 ലക്ഷം എന്ന നിരക്കില്‍ 36 ലക്ഷവും 22 ഗവ.ഹൈസ്‌കൂളുകളില്‍ കുടിവെളള സൗകര്യം ഒരുക്കുന്നതിന് ഒരു സ്‌കൂളിന് 50,000 രൂപ നിരക്കില്‍ 11 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മാണവും കുടിവെളള സൗകര്യം ലഭ്യമാക്കുന്നതുമായിട്ടുളള പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കും. 20 ഗവ.ഹൈസ്‌കൂളുകളില്‍ അറ്റകുറ്റ പണി നടത്തുന്നതിന് ആകെ 63 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഗവ.ഹൈസ്‌കൂളുകളിലെ അറ്റകുറ്റ പണി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജൂണിനകം പൂര്‍ത്തീകരിക്കും.
പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ആര്‍എംഎസ്എ അസി.പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അസി.എക്‌സി.എഞ്ചിനീയര്‍ നിത, പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















