കൊച്ചി : പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടിവേല്‍ സലീം, സി പ്രദീപ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ഇരുവരും വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ തീര്‍പ്പാകുംവരെ ജയില്‍ ശിക്ഷ നിറുത്തിവയ്‌ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ക്രിമിനല്‍ ഗൂഢാലോചനയില്‍ രണ്ട് പ്രതികളും പങ്കെടുത്തിട്ടുണ്ടെന്നതിനുള്ള തെളിവുകള്‍ പ്രഥമദൃഷ്ട്യാ ഉണ്ടെന്ന നിരീക്ഷണത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.
ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാന്‍ മതിയായ തെളിവുകള്‍ പ്രഥമദൃഷ്ട്യാ രേഖയിലുണ്ട്, അവര്‍ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും പദ്ധതി കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
















