തിരുവനന്തപുരം: പുത്തന്‍ ശൈലികളും ആവിഷ്‌കാരങ്ങളും അരങ്ങുവാഴുന്ന ഈ കാലത്ത്, നാടന്‍പാട്ടിന്റെ പഴമയുടെ പെരുമ വിളിച്ചോതാന്‍ തിരുവല്ല തായില്ലം ചെക്കല്‍ ഫോക്ക് ഫ്യൂഷന്‍ സംഘം ഇന്ന് തലസ്ഥാന നഗരിയിലെത്തും. കരു, മരം, തുടി, ചെണ്ട, വടിച്ചിലമ്പ് തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങളുടെ ഈണത്താല്‍ നാടകോത്സവത്തിന്റെ കലാസായാഹ്നം സമ്പന്നമാകും.
പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ വാമൊഴിപ്പാട്ടുകള്‍ക്കു പുറമെ, പ്രശസ്ത നാടകഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍ തുടങ്ങിയവയുമായാണ് ചെക്കല്‍സംഘം വേദി കീഴടക്കാനെത്തുന്നത്. കലയുടെ എല്ലാ മേഖലകളിലും ആധുനിക വാദ്യോപകരണങ്ങളുടെ സാന്നിദ്ധ്യം കടന്നുകൂടിയപ്പോള്‍ ചെക്കല്‍സംഘം പൂര്‍ണ്ണമായും അവ ഒഴിവാക്കി പഴമയെ കൈവിടാതെ പാമ്പര്യത്തിന്റെ പാത പിന്‍തുടര്‍ന്ന് മാതൃക സൃഷ്ടിക്കുകയാണ്. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററിനു സമീപത്തുള്ള ഒ.എന്‍.വി സ്മൃതിവേദിയിലാണ് ഇന്നും നാളെയുമായി പന്ത്രണ്ടുപേരടങ്ങുന്ന ചെക്കല്‍ സംഘത്തിന്റെ നാടന്‍പാട്ട് അരങ്ങേറുന്നത്.
















