തിരുവനന്തപുരം: ദേശീയ ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍ രണ്ടിന് സായി ഗ്രാമം ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് സൗജന്യമായി പഠനമൊരുക്കുന്നു. ഇതിനായി സായിഗ്രാമം സ്ഥാപിക്കുന്ന സായിസ്പര്‍ശ് ഓട്ടിസം സെന്റെറിന്റെ പ്രവര്‍ത്തനം ഏപ്രില്‍ 2ന് 11 മണിക്ക് ആരംഭിക്കും. ഈ വിഭാഗത്തിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രത്യേക പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. ഓട്ടിസം ബാധിതരായ കുട്ടികളുടെ പഠനത്തിനും പുനരധിവാസത്തിനുമായി സായി ഗ്രാമം ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ഈ വിഭാഗത്തിലെ കുട്ടികളുടെ പരിശീലനത്തിന് അന്താരാഷ്ട തലത്തില്‍ പരിശീലനം ലഭിച്ച അധ്യാപകരും അതിനു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഒരു ടീമും ഉണ്ടാകും. കുട്ടികളുടെ സമസ്ത കഴിവുകളും വികസിപ്പിക്കുന്ന പാഠ്യപദ്ധതിയാണ് നടപ്പിലാക്കുന്നത്. ഉദ്ഘാടന ദിവസം മുതല്‍ രാവിലെ 10 മണിക്ക് ആറ്റിങ്ങല്‍ നിന്നും സായി ഗ്രാമത്തിലേയ്‌ക്കും തിരികെ ആറ്റിങ്ങല്‍ വരെയും എല്ലാ ദിവസവും സൗജന്യമായി ബസ്സ് സൗകര്യവും, ഭക്ഷണവും ഏര്‍പ്പെടുത്തുമെന്ന് സത്യസായി ഓര്‍ഫണേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പറഞ്ഞു.
















