മട്ടാഞ്ചേരി: കൊച്ചിയില്‍ നിന്ന് ഇരുമ്പ് ആക്രി കയറ്റിയ തമിഴ്‌നാട് ലോറി കാണാതായതായി പരാതി. ഫോര്‍ട്ടുകൊച്ചി അമരാവതി ആക്രിക്കച്ചവട ഗോഡൗണില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഒന്‍പത് ടണ്‍ ഇരുമ്പുമായി പാലക്കാട് കഞ്ചികോട് കേന്ദ്രത്തിലേയ്‌ക്ക് പോയ ലോറിയാണ് കാണാതായത്.
ബുധനാഴ്ച രാത്രി ഇരുമ്പുമായി തിരിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറി വ്യാഴാഴ്ച രാവിലെ കഞ്ചിക്കോട് എത്തേണ്ടതായിരുന്നു. കടയുടമ രാജേഷ് ലോറി ഡ്രൈവറുമായി ബന്ധപ്പെട്ടപ്പോള്‍ വാഹനം തകരാറിലായെന്നും എത്രയും വേഗം പാലക്കാട് എത്തിച്ചേരുമെന്നും അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഡ്രൈവറുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായാണ് മറുപടി. കടയുടമ കഞ്ചിക്കോട് വരെ പോയെങ്കിലും വഴിമദ്ധ്യേ വാഹനം കണ്ടെത്താനായില്ല. തുടര്‍ന്ന് ഫോര്‍ട്ടു കൊച്ചി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
















