അമ്പലപ്പുഴ: ബിപിഎല്‍ ലിസ്റ്റിലെ അപാകതയ്‌ക്കെതിരെ പദയാത്ര നടത്താന്‍ പോസ്റ്റര്‍ അടിച്ച കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം വെട്ടിലായി. ഇന്നു നടത്താനിരുന്ന പദയാത്രയ്‌ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പാര പണിതോതോടെ പോസ്റ്റര്‍ അടിച്ച പണവും ദിവസങ്ങള്‍ നീണ്ട പ്രയത്‌നവും പാഴായി.
ജില്ലാപഞ്ചായത്തംഗമായ എ.ആര്‍. കണ്ണനാണ് ബിപിഎല്‍ ലിസ്റ്റിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നുരാവിലെ 7.30ന് പരാതിയാത്ര എന്ന പേരില്‍ കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി ജില്ലാ കോ ഓഡിനേറ്റര്‍മാരായി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു ബൈജു, യു.എ. കബീര്‍ എന്നിവരെയും തീരുമാനിച്ചു. എന്നാല്‍ യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തുകയോ ക്ഷണിക്കുകയോ ചെയ്തില്ല. ഇതോടെ പരിപാടിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നു.
സംഭവം വിവാദമായതോടെ ജില്ലാപഞ്ചായത്തംഗം പദയാത്രയില്‍ നിന്നും തടിയൂരി. അടുത്ത ദിവസം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് കമ്മറ്റിയില്‍ ജില്ലാപഞ്ചായത്തംഗത്തിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അംഗത്തിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും സീനിയര്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു.















