ഇരിട്ടി: കോളിക്കടവ് ഇ.കെ.നായനാര്‍ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഇരുപത്തിഏഴാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കോളിക്കടവ് ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് ഇ.കെ.നായനാര്‍ സ്മാരക ട്രോഫിയും അമ്പതിനായിരം രൂപ ഷെര്‍ലോണ്‍ മാട്രസ് ക്യാഷ് െ്രെപസും നല്‍കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് നായരുടെ മരുമകന്‍ കൃഷ്ണകുമാര്‍ നിര്‍വഹിക്കും. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ അദ്ധ്യക്ഷത വഹിക്കും. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. 101 സ്ത്രീകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിരയും അരങ്ങേറും.
ഉദ്ഘാടന മത്സരത്തില്‍ മലപ്പുറത്തെ പ്രശസ്ത ടീമുകളായ എഫ്‌സി കൊണ്ടോട്ടിയും, ഫ്രണ്ട്‌സ് മബാടും ഏറ്റുമുട്ടുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മത്സരങ്ങളില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികളായ അഡ്വ.വിനോദ് കുമാര്‍, എം.സുമേഷ് കുമാര്‍, കെ.ബിനീഷ്, കെ.രതീഷ്, എ.ജി.ശശീന്ദ്രന്‍, എം.സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
















