കണ്ണൂര്‍: കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി 2016 ഡിസംബര്‍ 21 മുതല്‍ പ്രാബല്യത്തോടെ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും നഗരപ്രദേശങ്ങള്‍ക്ക് പ്രത്യേക അലവന്‍സും സേവന ദൈര്‍ഘ്യം കണക്കിലെടുത്തുകൊണ്ടുള്ള വെയിറ്റേജ് ആനുകൂല്യവും അടങ്ങിയതാണ് മിനിമം വേതനം.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനപ്പെടുത്തിയാണ് ക്ഷാമബത്ത കണക്കാക്കുക. നിലവില്‍ മാനേജര്‍ക്ക് 10,968 രൂപയും, ക്ലാര്‍ക്ക്, കാഷ്യര്‍, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ് മുതലായവര്‍ക്ക് 10758 രൂപയും, സെയില്‍സ്മാന്‍, സെയില്‍സ്‌ഗേള്‍ എന്നിവര്‍ക്ക് 10548 രൂപയും, ഓഫീസ് അറ്റന്‍ഡന്റ്, സ്വീപ്പര്‍ മുതലായവര്‍ക്ക് 9918 രൂപയും ലഭിക്കും. കൂടാതെ സേവന കാലയളവ് അനുസരിച്ച് അടിസ്ഥാന വേതനത്തിന്റെ 5 ശതമാനം മുതല്‍ 15 ശതമാനം വരെ സര്‍വ്വീസ് വെയിറ്റേജും, നഗരസഭക്ക് അകത്തുള്ള തൊഴിലാളികള്‍ക്ക് 200 രൂപ പ്രത്യേക വേതനവും ഇതിനു പുറമെ ലഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
















