ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്ര കലാസാംസ്‌കാരിക കേന്ദ്രം, സൂര്യയുടേയും മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൂര്യകൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ മൊബൈല്‍ ബൈബിള്‍ ഷോയുടെ അഖിലേന്ത്യാതല പ്രദര്‍ശനോദ്ഘാടനം 26ന് വൈകിട്ട് 6.30ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളേജ് ഗ്രൗണ്ടില്‍ നടക്കും.
സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ചലച്ചിത്രതാരം പദ്മശ്രീ മമ്മൂട്ടി, ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത, സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ ഡോ. പോള്‍ അച്ചാണ്ടി, ജോയ് ആലൂക്കാസ് എന്നിവര്‍ പങ്കെടുക്കും.
മംഗലവാര്‍ത്ത മുതല്‍ യേശുവിന്റെ ജനനം, അത്ഭുതങ്ങള്‍, ഓശാന, പീഢാനുഭവം, കുരിശുമരണം, സ്വര്‍ഗ്ഗാരോഹണം ഇവയെല്ലാം പ്രതിപാദിക്കുന്നതാണ് രംഗാവിഷ്‌ക്കാരം. കവി വി മധുസൂദനന്‍ നായരുടെ വരികള്‍ക്ക് സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. പട്ടണം റഷീദ്- വസ്ത്രാലങ്കാരവും, അനില്‍ ചെമ്പൂര്‍ വേഷവിധാനവും നിര്‍വഹിക്കുന്നു.
















