കണ്ണൂര്‍: കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ള ആറ് ചിത്രകാരന്മാരുടെ ദി സെന്റന്‍സ് തേര്‍ഡ് എഡിഷന്‍ സംഘചിത്ര പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിനടുത്തുള്ള (ഗവ .ടീച്ചേര്‍സ് ട്രെയിനിംഗ് സ്‌ക്കൂള്‍ ) മോഹന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശനം. ദി സെന്റന്‍സ് എന്ന പേരിലുള്ള ചിത്ര യാത്രയിലെ മൂന്നാമത്തെ പ്രദര്‍ശനമാണ് കണ്ണൂരില്‍ സംഘടിപ്പിക്കുന്നത്. രഞ്ചിത്ത് ലാല്‍, മനോജ് നാരായണന്‍, ജോണ്‍ ഡേവി, കെ.ആര്‍.കുമാരന്‍, ടി.ടി.ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് കളത്തില്‍ എന്നിവരുടെ 24 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഇന്ന് വൈകിട്ട് അഞ്ചിന് ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിനാണ് പ്രദര്‍ശനം സമാപിക്കുക. ടി.ടി. ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് കളത്തില്‍, രാജീവന്‍ പാറയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















