നാവായിക്കുളം:വര്‍ക്കലയില്‍ നിരന്തരമായി ഗുരുദേവ പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. കഴിഞ്ഞദിവസം കരിനിലകോട് പുല്ലാനികോടും ഗുരുദേവ പ്രതിമകള്‍ തകര്‍ക്കപ്പെട്ടു. ഇതിനുമുന്‍പും വര്‍ക്കലയുടെ പലഭാഗത്തും ഗുരുദേവ പ്രതിമകള്‍ തകര്‍ത്തിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെയും സാധിച്ചില്ല. കഴിഞ്ഞദിവസം പ്രതിക തകര്‍ത്ത ആരാണ് എന്ന് വ്യക്തമായ സൂചന പോലീസിന് കിട്ടിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സാധിക്കുന്നില്ല.
ശിവഗിരി കുന്നിന് തൊട്ടുകിടക്കുന്ന വട്ടപ്ലാമൂട്ടിലെ പ്രതിമ തകര്‍ക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഭരണത്തിന്റെ സ്വാധീനത്തില്‍ പ്രതികള്‍ രക്ഷപ്പെടുകയാണ്.
വര്‍ക്കലയില്‍ ഗുരുദേവപ്രതിമകള്‍ തകര്‍ക്കുന്നത് നിത്യസംഭവമായിക്കൊണ്ടിരിക്കുകയും വര്‍ക്കലയും പരിസരവും ഗുണ്ടാവിളയാട്ടം നടന്നിട്ടും പോലീസിന് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലനും മണ്ഡലം പ്രസിഡന്റ് കരിനലകോട് സുനില്‍കുമാറും പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളെ എത്രയുംവേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ ഇത്തരം നടപടികള്‍ക്കെതിരെ ബിജെപി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചു.
















