ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ വീട് കരിഓയില്‍ ഒഴിച്ചു വികൃതമാക്കിയ സംഭവത്തില്‍ പങ്കില്ലെന്ന് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഇതിന്റെ തലേ ദിവസമാണ് മുഴക്കുന്ന് പഞ്ചായത്ത് വനിതാഅംഗവും ബിജെപി പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുമായ എം.വിനീതയുടെ വീടിനു നേരെയും കരിഓയില്‍ പ്രയോഗം നടന്നത്. അക്രമങ്ങളിലെ പ്രതികളെ പിടികൂടേണ്ടത് പോലീസിന്റെ കടമയാണ്. എന്നാല്‍ മുഴക്കുന്ന് പഞ്ചായത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന അക്രമപ്രവര്‍ത്തനങ്ങളിലൊന്നും പോലീസ് പ്രതികളെ പിടികൂടാതെ നിഷ്‌ക്രിയമായിരിക്കയാണ്. ഇത്തരം സംഭവങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതുപോലുള്ള അക്രമസംഭവങ്ങള്‍ മുഴക്കുന്നു പഞ്ചായത്തില്‍ ഉണ്ടാവില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും ബിജെപി മുഴക്കുന്നു പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
















