ചെറായി: വൈപ്പിന്‍ കുടിവെള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി എടവനക്കാട് അണിയല്‍ ബസാറിലെ ശുദ്ധജല സംഭരണി കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കാലിക്കുടങ്ങളുമേന്തി പ്രതിഷേധ സമരം നടത്തി. നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ കുടിനീര്‍ക്ഷാമം പരിഹരിക്കാനായി ഒരു വര്‍ഷം മുമ്പാണ് ടാങ്കിന്റെ പണികള്‍ തീര്‍ത്തത്.
വെള്ളമെത്തിക്കാന്‍ പറവൂരിലെ ഭൂതല ജലസംഭരണിയില്‍ നിന്ന് എടവനക്കാട് വരെ ഒരു ഫീഡര്‍ ലൈനും വലിച്ചിരുന്നു. എന്നാല്‍ 11.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ഇതുവരെ കമ്മീഷന്‍ ചെയ്തിട്ടില്ല.
എടവനക്കാട്, നായരമ്പലം മേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ വ്യാപകമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രതേഷേധിച്ചാണ് സമരം. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി അനില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എസ്. ഷൈജു, എന്‍.എം. രവി, സുശീല്‍ ചെറുപുള്ളി, സുമഗിരീഷ്, കെ.ആര്‍. കൈലാസന്‍, മീര ദയാല്‍, സുധീഷ് ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
















