കണ്ണൂര്‍: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് മത്സ്യമേഖലയില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയിലെ മത്സ്യവ്യാപാരികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും തലശ്ശേരി, പഴയങ്ങാടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. മത്സ്യത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നവിധം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും ശുചിത്വമില്ലാത്ത രീതിയില്‍ മത്സ്യം കൈകാര്യം ചെയ്യുന്നതും ഒഴിവാക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ക്ലാസില്‍ ബോധവല്‍ക്കരണം നല്‍കി. മേഖലയില്‍ അടിസ്ഥാന സൗകര്യവികസനം അത്യാവശ്യമാണെന്ന് ക്ലാസില്‍ പങ്കെടുത്ത മത്സ്യവ്യാപാരികളും സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു. ഫിഷറീസ് വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സംഗീത, ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസര്‍ പി.കെ.ഏലിയാമ്മ, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ എം.ടി.അനൂപ് കുമാര്‍, ടി.അജിത് കുമാര്‍, കെ.പി.മുസ്തഫ തുടങ്ങിയര്‍ നേതൃത്വം നല്‍കി.
















