തലശ്ശേരി: പൊന്ന്യം പാറക്കുന്നിലെ ബിജെപി പ്രവര്‍ത്തകന്‍ കെ.കെ.നളിനാക്ഷന്റെ വീടിന് ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയ സിപിഎം ക്രിമിനല്‍ സംഘത്തെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വവും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസും തയ്യാറാവണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബോംബെറിഞ്ഞു തകര്‍ത്ത നളിനാക്ഷന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് നളിനാക്ഷന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ഇതിനെ നിസ്സാരമായി കാണാനാവില്ല. അതിനാല്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്കില്‍ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















