ഇരിട്ടി : നാക്ക് പരിശോധനയില്‍ മികവിന്റെ അഗീകാരമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജിന് ലഭിച്ച എഗ്രേഡ് സര്‍ട്ടിഫിക്കറ്റ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ.മാത്യുവിന് കൈമാറി. നാക്ക് സംഘത്തിന്റെ ആദ്യ പരിശോധനയില്‍ തന്നെ എ ഗ്രേഡ് നേടാനായത് വലിയ നേട്ടമായാണ് കോളേജ് അധികൃതര്‍ കാണുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള തലത്തില്‍ ഉണ്ടാവുന്ന പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് കോളേജിന് ഈ നേട്ടം കൈവരിക്കാനായത്. കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് കീഴിലെ മികച്ച കോളേജുകളില്‍ ഒന്നാവാന്‍ ഇപ്പോള്‍ എംജി കോളേജിന് സാധിച്ചിട്ടുണ്ട്. ചടങ്ങ് കോളേജ് ഭരണസമിതി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ സി.എസ്. സെബാസ്റ്റ്യന്‍, ബേബി ജോണ്‍ പൈനാപ്പള്ളി, എം.ജെ.ജോണ്‍, സി.വി.ജോസഫ്, എ. ഗോപാലന്‍, പ്രമോദ് വെള്ളച്ചാല്‍, കെ.രാജന്‍, കെ.വത്സരാജ്, ഡോ. റജി പൈക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
















