കണ്ണൂര്‍: ദേശീയ ബാലികാദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പും പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാരവന്‍ എക്‌സിബിഷന്‍ ദീപ്തം-ബാല്യം 11, 12 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. പെണ്‍കുട്ടികളുടെ സുരക്ഷ, ആരോഗ്യം, സ്വീകാര്യത, പോഷകാഹാരം, ശുചിത്വം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനമാണ് വാഹനത്തിലുണ്ടാവുക. 12 ന് താവക്കര സ്‌കൂള്‍ പരിസരത്തു നിന്ന് ഘോഷയാത്രയുടെ അകമ്പടിയോടെ പര്യടന വാഹനത്തിന് സ്വീകരണം നല്‍കും. തുടര്‍ന്ന് മുന്‍സിപ്പല്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി മുഖ്യാതിഥിയാവും. തലശ്ശേരി ബ്രണ്ണന്‍ സ്‌കൂള്‍, കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയര്‍, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും രണ്ട് ദിവസങ്ങളിലായി സ്വീകരണം നല്‍കും. സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.
















