ആലപ്പുഴ: സംസ്ഥാനത്ത് 8 മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിന്റെ മുന്നോടിയായി, നാല് അസംബ്ലി മണ്ഡലങ്ങളില്‍ നടന്നു വരുന്ന പൈലറ്റ് പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ മണ്ഡലത്തില്‍ പൂര്‍ത്തിയാകുന്നു.
പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ് മുറിയിലും ലാപ്‌ടോപ്, മള്‍ട്ടീ മീഡിയാ പ്രൊജക്ടര്‍, ശബ്ദ സംവിധാനം, വൈറ്റ്‌ബോര്‍ഡ് തുടങ്ങിയവ ഐടി@സ്‌കൂള്‍ വിന്യസിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി പൊടിശല്യം തീരെയില്ലാത്ത മുറി (ടൈല്‍പാകിയ തറ, മേല്‍ക്കൂര ഓട് പാകിയതാണെങ്കില്‍ സുരക്ഷിതമായ സീലിങ്, പെയ്ന്റ് ചെയ്ത് വൃത്തിയാക്കിയ ചുമരുകള്‍), ക്ലാസ്മുറിയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തിയുള്ള വൈദ്യുതീകരണം, അനുബന്ധ ഉപകരണങ്ങള്‍ സൂക്ഷിക്കാനാവശ്യമായ ഷെല്‍ഫ്‌ലോക്കര്‍ സംവിധാനങ്ങള്‍ എന്നിവ സ്‌കൂളുകള്‍ ഒരുക്കി. 319 ലാപ് ടോപ്പുകളും 319 മള്‍ട്ടിമീഡിയ പ്രൊജക്റ്ററുകളും 319 വൈറ്റ്‌ബോഡും ഡിജിറ്റല്‍ സ്പീക്കര്‍, 116 ഡെസ്‌ക് ടോപ്പുകള്‍ തുടങ്ങിയവ ആലപ്പുഴ മണ്ഡലത്തില്‍ മാത്രം ലഭ്യമാക്കുന്നതായി ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സാങ്കേതിക സമിതി ഇന്ന് സ്‌കൂളുകളിലെ വിന്യാസം പരിശോധിച്ച് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
















