ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ അവരുടെ പ്ലാറ്റ്ഫോമുകള്‍ രൂപപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
‘എന്തെങ്കിലും ചെയ്യണം, അത് ചെയ്യും,’ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് ഉറപ്പുനല്‍കി.
ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്ടിലെ സെക്ഷന്‍ 11 പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ ഒപ്പുവയ്‌ക്കുന്ന കരാറുകള്‍ക്ക് നിയമ പ്രാബല്യം ഇല്ലാഞ്ഞിട്ടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സേവന നിബന്ധനകള്‍ കുട്ടികളെക്കൊണ്ട് അംഗീകരിപ്പിച്ച് സ്വതന്ത്രമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്നതില്‍ സംഘടന ആശങ്ക പ്രകടിപ്പിച്ചു. പ്രായപരിധി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍, രക്ഷാകര്‍തൃ സമ്മതം, മറ്റ് സുരക്ഷാ നടപടികള്‍ എന്നിവ ഉണ്ടായിരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
















