കായംകുളം: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുപിന്നില്‍ മറ്റൊരു കാറിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. സാരമായി പരുക്കേറ്റ കണ്ണമ്പള്ളിഭാഗം മുബാറക് മന്‍സിലില്‍ മുബാറക് (17),ഓച്ചിറ അസ്‌ലം മന്‍സിലില്‍ അസ്‌ലം (17) എന്നിവരെ തിരുവല്ല സ്വകാര്യാശുപത്രിയിലും കണ്ണമ്പളളിഭാഗം അറക്കല്‍ അമല്‍ (17),ചിറ്റക്കാട്ട് തറയില്‍ നൗഫല്‍ (17),മുണ്ടകത്തില്‍ അജ്മല്‍ (17) എന്നിവരെ കായംകുളം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ എംഎസ്എം കോളേജിനു സമീപമായിരുന്നു അപകടം. പികെകെഎസ്എം എച്ച്എസ്സ്എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇവര്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലേക്ക് ആലപ്പുഴയില്‍ നിന്നുവരുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്ക് നീങ്ങിയ കാര്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേശീയപാതയില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
















