ആലപ്പുഴ: ദേശീയപാതയില്‍ ഒറ്റപ്പുന്ന മുതല്‍ എക്സറേ ജങ്ഷന്‍വരെയുള്ള ഭാഗം എലിവേറ്റഡ് ഹൈവേ ആക്കുന്നതിനായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ചേര്‍ത്തലവരെയുള്ള റോഡരുകിലെ പാഴ്മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിയായതായും ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പറഞ്ഞു. ചേര്‍ത്തല വടക്കേ അങ്ങാടി കവലയുടെ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപ അനുവദിച്ചതായും സ്ഥലമെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറും നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറും പറഞ്ഞു.രണ്ടു മാസത്തിനിടയില്‍ ഹോട്ടലുകളിലും മത്സ്യമാര്‍ക്കറ്റുകളിലുമായി 186 പരിശോധന നടത്തിയതായി ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. മത്സ്യത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനായി 14 സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്‌ക്കു നല്‍കി. രണ്ടു വര്‍ഷമായി നടത്തിയ പരിശോധനകളില്‍ ഇതുവരെ മത്സ്യ സാമ്പിളുകളില്‍ കൃത്രിമം കണ്ടെത്തിയിട്ടില്ലെന്നും ഫുഡ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
















