ഇരിട്ടി: നാടന്‍തോക്കും വെടിമരുന്നുമായി യുവാവിനെ പേരാവൂര്‍ സിഐ പി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പേരാവൂര്‍ നിടുംപൊയില്‍ ഇരുപത്തി നാലാം മൈല്‍ ചെക്യേരി കോളനിയിലെ ജയന്‍ (41) ആണ് അറസ്റ്റിലായത്. കോളനിയില്‍ ഇയാള്‍ താമസിക്കുന്ന വീടിനു സമീപത്തെ ഷെഡ്ഡില്‍ നിന്നാണ് തോക്കും വെടിമരുന്നും പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുന്‍പ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം വന്നുപോയെന്നു സംശയിക്കുന്ന കോളനിയാണ് ഇത്. ഈ കോളനിക്കടുത്തുള്ള സ്‌റ്റോണ്‍ ക്രഷറിന്റെ ഓഫീസ് മാവോയിസ്റ്റുകള്‍ മുന്‍പ് അടിച്ചുതകര്‍ത്തിരുന്നു. പലപ്പോഴായി കോളനിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായി എന്നത് കൊണ്ടുതന്നെ ഗൗരവത്തോടെയാണ് പോലീസ് പ്രശ്‌നത്തെ വീക്ഷിക്കുന്നത്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















