കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പ്രധാനവേദിക്ക് സമീപം പ്രകൃതി ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച തെയ്യത്തിന്റെ മാതൃക ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ കലോത്സവത്തിന് സമര്‍പ്പിച്ചു. ഓല, മെടല്‍, പാള, മുള എന്നിവ ഉപയോഗിച്ച് രണ്ടാള്‍ പൊക്കത്തില്‍ നിര്‍മ്മിച്ച ശില്‍പം സിനിമാ സംവിധായകന്‍ കെ.ദീപേഷാണ് ഒരുക്കിയത്. ദിലീപന്‍ വേങ്ങാട്, സനല്‍ കുമാര്‍, ജിമില്‍ രാജ് കതിരൂര്‍ എന്നിവര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ സന്ദേശവുമായാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.വി.ജയരാജ്, കണ്‍വീനര്‍ കെ.എം.വിനോദ്, ജോയിന്റ് കണ്‍വീനര്‍മാരായ രാജേഷ് തെരൂര്‍, സുരേഷ് കുമാര്‍ എം.ടി, എം.വി.ജയരാജ്, ജില്ലാ അക്കൗണ്ട്‌സ് ഓഫീസര്‍ പി.ഐ.സുഗുണന്‍ എന്നിവര്‍ സംസാരിച്ചു.
















