ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ നിയോജകമണ്ഡലമാകുന്നു. പ്രഖ്യാപനം 12ന് വൈകിട്ട് നാലിന് പുന്നപ്ര മാര്‍ക്കറ്റിനു കിഴക്കുവശം ചേരുന്ന പരിപാടിയില്‍ മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് 25,74,866 രൂപയുടെ എസ്റ്റിമേറ്റില്‍ 3,334 മീറ്റര്‍ എല്‍ടി ലൈനും 15425 മീറ്റര്‍ വെതര്‍ പ്രൂഫ് വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് 617 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയതായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി. ഉദയവര്‍മ്മ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈവര്‍ഷം മാര്‍ച്ചോടെ എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറുന്നതിന്റെ മുന്നോടിയായാണ് അമ്പലപ്പുഴയും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എക്‌സി. എഞ്ചിനീയര്‍ പ്രസന്നകുമാരി, അസി. എഞ്ചിനീയര്‍മാരായ എസ്. മനോജ്കുമാര്‍, എ.ബി. സജീവ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















