മാവേലിക്കര: ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖല സമ്മേളനം നയിച്ചത് ക്വട്ടേഷന്‍ നേതാവും കഞ്ചാവു കേസിലെ പ്രതിയും. നിരവധി ക്വട്ടേഷന്‍ കേസുകളിലെ പ്രതിയായ തടത്തില്‍ എബി, കഞ്ചാവ് കേസിലെ പ്രതി മഹേഷ് എന്നിവരാണ് റാലി നയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിന്റെ ഭാഗമായി വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കുടത്തിനു സമീപത്തുനിന്നും മാങ്കാംകുഴിയിലേക്ക് നടന്ന കൊടിമര ജാഥയില്‍ മുന്‍നിരയിലാണ് ഇവര്‍ സ്ഥാനം പിടിച്ചത്.
സിപിഎം ജില്ലാ കമ്മറ്റിയംഗം മുരളി തഴക്കര, മാവേലിക്കര ഏരിയ കമ്മറ്റിയംഗം റ്റി.പി. ഗോപാലന്‍ എന്നിവരുടെ ആശീര്‍വാദത്തോടെയാണ് ഇരുവരും പങ്കെടുത്തത്. പരാതി ഉയര്‍ന്നതോടെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ ഇവരെ പറഞ്ഞു വിട്ടു.
ഇരുവരും റാലിയില്‍ പങ്കെടുക്കുന്ന വിവരം ചിലര്‍ സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് മധുസൂദനന്‍ റ്റി.പി. ഗോപലനെ വിളിച്ച് ഇരുവരെയും പങ്കെടുപ്പിക്കരുതെന്നും മറിച്ചായാല്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതോടെയാണ് ഇരുവരെയും ഗത്യന്തരമില്ലാതെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ പറഞ്ഞു വിട്ടത്.
















