കണ്ണൂര്‍: പുഴാതിയിലെ രണ്ടുവീടുകളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റിലായി. പുഴാതി പയറ്റിയാക്കാവിന് സമീപത്തെ അല്‍മാസിലെ റുബീന, അഡ്വ.ലേഖ എന്നിവരുടെ വീടുകളില്‍ നിന്നും 34.5 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരി ബീഹാര്‍ സ്വദേശിനി ശബ്‌നം (26) ആണ് അറസ്റ്റിലായത്. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. റുബീനയുടെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച 24.5 പവന്‍ സ്വര്‍ണ്ണാഭരണവും അഡ്വ.ലേഖയുടെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമാണ് ജനുവരി 1നും 8നും ഇടയില്‍ മോഷണം പോയത്. ആഴ്ചയില്‍ രണ്ട് ദിവസം ശബ്‌നം മോഷണം നടന്ന വീടുകളില്‍ ജോലിക്കെത്താറുണ്ടായിരുന്നു. കവര്‍ച്ച നടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ ശബ്‌നയുടെ വീട്ടുപരിസരത്ത് മണ്ണില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
















