കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കൈ വിരലില്‍ പുരട്ടുന്ന മഷിയെക്കുറിച്ചും വി.വി പാറ്റിന്റെ പൂര്‍ണരൂപവും കലക്ടര്‍ മിര്‍ മുഹമ്മദ് അലി വിശദീകരിച്ചപ്പോള്‍ നാളത്തെ സമ്മതിദായകര്‍ക്ക് ആകാംക്ഷ. ദേശീയ സമ്മതിദായകദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് വിശദീകരിച്ചത്.
ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള പങ്കിനെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. സംവാദത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവും സമ്മാനദാനവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിമ അധ്യക്ഷയായി. ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി.എന്‍. ഗോപിനാഥന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ സി.പി പ്രവീണ്‍, പി.ടി.എ പ്രസിഡന്റ് ജബീര്‍, വിദ്യാര്‍ത്ഥി പ്രതിനിധി അര്‍ഷാന തുടങ്ങിയവര്‍ സംസാരിച്ചു.
















