അമ്പലപ്പുഴ: മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘം കാര്‍യാത്രികരെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. എസ്ബിടി വള്ളികുന്നം ശാഖയിലെ ഉദ്യോഗസ്ഥന്‍ അവലൂക്കുന്ന് തിരുവിളക്ക്തൃക്കാര്‍ത്തികയില്‍ റജി രങ്കനാഥ് (34), റജിയുടെ അച്ഛന്‍ രങ്കനാഥ്, അമ്മ മണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അക്രമികളുടെ മര്‍ദ്ദനത്തിനിരയായി മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന റജിയെയും മാതാപിതാക്കളെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ പകല്‍ നാലുമണിയോടെ ദേശീയപാതയില്‍ പറവൂര്‍ കവലയ്‌ക്കു സമീപമായിരുന്നു സംഭവം. ഒരേ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് അമിത വേഗതയില്‍ ബൈക്ക് ഓടിച്ചു പോയ യുവാക്കള്‍ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. സംഭവം കണ്ട് നിരവധി പേര്‍ കവലയില്‍ കൂടിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്ന് റജി പറഞ്ഞു. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രക്കിടെയാണ് ഇവരെ ബൈക്ക് യാത്രികരായ യുവാക്കള്‍ ആക്രമിച്ചത്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പോലീസിനു കൈമാറിയതിനെത്തുടര്‍ന്ന് പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചു.
















