അമ്പലപ്പുഴ: ഭഗത്‌സിങിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ത്യാഗോജ്ജ്വലമായ കഥ അവതരിപ്പിച്ച് കഥാപ്രസംഗത്തില്‍ ഒന്നാംസ്ഥാനം നേടി ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളിലെ കാജല്‍ നോബിളിന്റെ നേതൃത്വത്തിലുള്ള ടീം. അനില, അനുഗ്രഹ, ഗ്രീഷ്മ, ശ്രീലക്ഷ്മി എന്നിവരുടെ പിന്‍തുണ കൂടി ലഭിച്ചപ്പോള്‍ കാണികളുടെ ഇഷ്ടത്തിനൊത്തുള്ള വിധി നിര്‍ണ്ണയം കൂടിയായി.
കഥാപ്രസംഗത്തെ അതിന്റെ തനതു ഭാവത്തോടെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ പ്രകടനമായിരുന്നു വേദി ഏഴില്‍ നടന്ന കഥാപ്രസംഗ മത്സരം. കഥകള്‍ തെരഞ്ഞെടുത്തതില്‍ ചില മത്സരാര്‍ത്ഥികള്‍ ഒരു കഥാതന്തുവാണ് എടുത്തതെങ്കിലും അവതരണം തികച്ചും വ്യത്യസ്തമായിരുന്നു.
യുപിവിഭാഗം മത്സരത്തിലാണ് കടുത്ത പോരാട്ടം നടന്നത്. ഇത് ആസ്വാദകരേയും വിധികര്‍ത്താക്കളേയും ഒരു പോലെ രസിപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്തു. യുപി വിഭാഗം കഥാപ്രസംഗ മത്സരം ഉന്നതനിലവാരം പുലര്‍ത്തിയപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിധി നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ പലവട്ടം ചിന്തിക്കേണ്ടി വന്നു.
പുരാണ ചരിത്രകഥകളെ ആസ്പദമാക്കിയും ചില കവിതകളുടെ ആശയം കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചും മത്സരാര്‍ത്ഥികള്‍ കഥാപ്രസംഗകലയെ സമ്പുഷ്ടമാക്കി മത്സരത്തെ തികച്ചും പ്രൊഫഷണലാക്കി മാറ്റിയത് വരുംവര്‍ഷങ്ങളിലേക്കുള്ള കടുത്ത മത്സരത്തെയാണ് സൂചിപ്പിക്കുന്നത്.
















