അമ്പലപ്പുഴ: ഖരഹരപ്രിയയില്‍ തന്ത്രികള്‍ മീട്ടി സദസ്സിനെ കുളിരണിയിച്ച് ചേര്‍ത്തല ഹോളി ഫാമിലി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി പി.പി. ദേവി വിധികര്‍ത്താക്കളുടെയും ശ്രദ്ധാകേന്ദ്രമായി. കഴിഞ്ഞ മൂന്നു സംസ്ഥാന കലോത്സവങ്ങളിലും തുടര്‍ച്ചയായി ഒന്നാം സ്ഥാനവും എ ഗ്രേഡും വീണവാദനത്തിന് ദേവി കരസ്ഥമാക്കിയിരുന്നു. ഇത്തവണ റവന്യൂ കലോത്സവത്തിന് ഖരഹരപ്രിയ രാഗത്തില്‍ ത്യാഗരാജ സ്വാമി എഴുതി ചിട്ടപ്പെടുത്തിയ മിശ്ര ചാപ്പിലുള്ള ‘പക്കാല…….നില ബഡി ‘ എന്ന കീര്‍ത്തനമാണ് ദേവീ വീണയില്‍ സ്വര ശ്രുതി ചേര്‍ത്തത്. ഏഴു വര്‍ഷമായി വീണവാദനം പരിശീലിക്കുന്ന ദേവി പി. എസ്. പുഷ്പ്പരാജിന്റെയും റാണി ഭരതന്റെയും മകളാണ്. ദേവിയുടെ ഗുരുനാഥ ചേര്‍ത്തല സീതാ സനിലാണ്.
















