അഴീക്കോട്: അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ശബരിമല അയ്യപ്പസേവാ സമാജം സംഘടിപ്പിക്കുന്ന മണ്ഡലപൂജാ മഹോത്സവം 2 മുതല്‍ 10 വരെ തീയ്യതികളിലായി നടക്കും. 2 ന് വൈകുന്നേരം 6.30 ന് അയ്യപ്പസേവാ സമാജം താലൂക്ക് പ്രസിഡണ്ട് സുരേഷ് വര്‍മ്മയുടെ അധ്യക്ഷതയില്‍ കമാന്‍ഡോ പി.വി.മനേഷ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം, വൈകുന്നേരം 7 മണിക്ക് കാഭാ സുരേന്ദ്രന്റെ പ്രഭാഷണം, തുടര്‍ന്ന് സുമ സുരേഷ് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന നാദലയം പരിപാടിയും ഉണ്ടായിരിക്കും. 3 ന് ഉണ്ണികൃഷ്ണവാര്യര്‍, 4 ന് ശങ്കരന്‍ മാസ്റ്റര്‍ പുന്നാട്, 5 ന് രാജേഷ് വാര്യര്‍ പൂമംഗലം, 6 ന് ശശി കമ്മട്ടേരി, 7 ന് പി.കെ.പ്രശാന്ത് കുമാര്‍, 8, 9 തീയ്യതികളില്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 9 ന് വൈകുന്നേരം 6.30 ന് ശബരിമല അയ്യപ്പസേവാ സമാജം സംഘടനാ സെക്രട്ടറി വിശ്വനാഥന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തും. 10 ന് വൈകുന്നേരം 7 മണിക്ക് താളിക്കാവ് ഭജന സമിതിയുടെ ഭജന, 7.30 ന് പ്രസാദ സദ്യ എന്നിവയുണ്ടാകും.
















