മാനന്തവാടി : കേരളവര്‍മ്മ വീര പഴശ്ശി വീരാഹൂതി ദിനാചരണം ഇന്ന് മാനന്തവാടിയില്‍. ഇതോടനുബന്ധിച്ച് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കാലത്ത് ഒമ്പത് മണിക്ക് വീരപഴശ്ശി അന്ത്യ വിശ്രമം കൊള്ളുന്ന മാനന്തവാടിയിലെ പഴശ്ശി സ്മൃതിമണ്ഡപത്തില്‍ നടത്തുന്ന പുഷ്പാര്‍ച്ചനയോടെ പഴശ്ശിദിനാചരണത്തിന് തുടക്കമാവും. പുഷ്പാര്‍ച്ചനയില്‍ തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരം, പഴശ്ശി ബാലമന്ദിരം തുടങ്ങിയ വിവിധസ്ഥാപനങ്ങളിലെ കുട്ടികളടക്കമുളളവര്‍ പങ്കെടുക്കും. പുഷ്പാര്‍ച്ചനയ്‌ക്ക് മുന്നോടിയായി ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴശ്ശികുടീരത്തിലേക്ക് തീര്‍ത്ഥയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദുഐക്യവേദി മാനന്തവാടി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് മാനന്തവാടി എന്‍എസ്എസ് ഹാളില്‍ നടക്കുന്ന വിവിധ സാമുദായിക സംഘടനാ നേതൃസമ്മേളനത്തിലും ശശികല ടീച്ചര്‍പങ്കെടുത്ത് സംസാരിക്കും.
വൈകീട്ട് അഞ്ചുമണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വേദിയില്‍ മാനന്തവാടി മാതാഅമൃതാന്ദമയീ മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ ഭദ്രദീപം തെളിയിക്കുന്നതോടെ പഴശ്ശി അനുസ്മരണ സമ്മേളനം ആരംഭിക്കും.ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പളളിയറ രാമന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വയനാട്ടിലെ പാരമ്പര്യ വൈദ്യന്‍മാരെ ആദരിക്കും.
















