കറുകച്ചാല്‍: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ നെടുംകുന്നം 12-ാം മൈലില്‍ നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള നാട്ടുമാവ് മുറിച്ചുമാറ്റുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞദിവസം അധികൃതര്‍ ലേലനോട്ടീസ് മരത്തില്‍ പതിക്കാതെ സമീപത്തുള്ള കടയുടെ മറവില്‍ നോട്ടീസ് പതിച്ച് ലേലനടപടി നടത്തി. കറുകച്ചാല്‍ സ്വദേശിയാണ് ലേലം കൊണ്ടിരിക്കുന്നത്. ലേലത്തുകയോ മറ്റു നടപടികളോ രേഖപ്പെടുത്താത്തതുകൊണ്ട് ഇതില്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കറുകച്ചാലിനെയും പരിസരപ്രദേശങ്ങളിലേയും നൂറ്റാണ്ടുപഴക്കമുള്ള പലമരങ്ങളും റോഡുവികസനത്തിന്റെ മറവില്‍ മുറിച്ച് മാറ്റപ്പെട്ടു. ഇതിന്റെ പിന്നില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായും ഇതിനെതിരെ സമരപരിപാടികളുമായി നീങ്ങുമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയംഗം ജോസ് ചമ്പക്കര പറഞ്ഞു. മാവ് മുത്തശിയെ ലാഭത്തിന്റെ കൊതിമാത്രം ലക്ഷ്യംവച്ച് മുറിച്ച് മാറ്റരുതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും വൃക്ഷസ്‌നേഹികളും ആവശ്യപ്പെടുന്നത്.
















