പാനൂര്‍: സിപിഎം കേന്ദ്രത്തില്‍ നിന്നും ബോംബു നിര്‍മ്മാണസാമഗ്രികളും കൊടുവാളും പിടികൂടി. ചമതക്കാട് സിപിഎം പ്രവര്‍ത്തകനായ പുരുഷോത്തന്റെ അടച്ചിട്ട വീട്ടിലെ പുറത്തെ ശുചിമുറിയില്‍ നിന്നാണ് മൂന്നുകിലോ വെടിമരുന്ന്, ചണനൂല്, മൂന്നു കൊടുവാള് എന്നിവ കണ്ടെടുത്തത്. ഇന്നലെ ഉച്ചയോടെ കൊളവല്ലൂര്‍ പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇവിടെ നിന്നും ബോംബുകള്‍ നിര്‍മ്മിച്ചതിനു ശേഷം മിച്ചം വന്ന നിര്‍മ്മാണസാമഗ്രികള്‍ ഇവിടെ സൂക്ഷിക്കുകയായിരുന്നൂവെന്ന നിഗമനമാണ് പോലീസിനുളളത്.അതിനാല്‍ മേഖലയില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ താവളമടിക്കുന്ന വീടാണിത്. ബാഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ പുരുഷോത്തമന് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. പാനൂര്‍ സിഐ കെ.എസ്.ഷാജി, കൊളവല്ലൂര്‍ എസ്ഐ സതീഷ്കുമാര്‍, അഡീഷണല്‍ എസ്ഐ പവിത്രന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഭവത്തില്‍ കൊളവല്ലൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: