ഇരിട്ടി: അയ്യന്‍കുന്നിലെ കരിങ്കല്‍ ക്വാറി മാഫിയകള്‍ക്ക് കീഴടങ്ങിയ പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷാംഗങ്ങളും രാജിവെക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വലിയ പറമ്പുംകരിയിലെ ജനവാസ കേന്ദ്രത്തില്‍ എം സാന്റ് യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി അയ്യന്‍ കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി.എം.രവീന്ദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്കും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികൃതര്‍ ഇതിന്റെയെല്ലാം അന്തകരാവുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം നേരിടുന്ന രണ്ടു വിപത്തുകളാണ് ഭീകരവാദവും പാരിസ്ഥിതികനാശവും. ഇതിനെ ഇല്ലായ്‌മ ചെയ്തില്ലെങ്കില്‍ വരും തലമുറയുടെ തന്നെ ഉന്മൂലനമാവും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.ആര്‍.സുരേഷ്, സജിത്ത് കീഴൂര്‍, മാധവന്‍ കരിക്കനാല്‍, പ്രജുകുമാര്‍, സാവിത്രി പനക്കര എന്നിവര്‍ സംസാരിച്ചു.
















