അമ്പലപ്പുഴ: ട്രെയിന്‍ എത്തിയപ്പോള്‍ റെയില്‍വേ ഗേറ്റ് തുറന്നു കിടന്നു. നാട്ടുകാരുടെ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. വണ്ടാനം ഗുരുമന്ദിരം റെയില്‍വേ ക്രോസില്‍ ഇന്നലെ രാവിലെ 10.40 ഓടെ ആയിരുന്നു സംഭവം. കൊല്ലത്തു നിന്നും എറണാകുളത്തേയ്‌ക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍ ഈ ഭാഗത്ത് എത്തിയപ്പോള്‍ റെയില്‍വേ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ട്രയിന്‍ വരുന്നതറിയാതെ ഇരുചക്രവാഹക്കാരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് ഈ സമയം ക്രോസിലൂടെ യാത്ര ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ക്രോസിന് ഇരു ഭാഗത്ത് നിന്നും യാത്രകാരെ തടയുകയായിരുന്നു. ഗേറ്റ് തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട എന്‍ജിന്‍ ഡ്രൈവര്‍ ക്രോസിന് സമീപം ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ഗേറ്റ്മാന്‍ എത്തി ഗേറ്റ് അടച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
















