സഹായമായി ലഭിച്ച ചെക്കുമായി മാജി
ന്യൂദല്‍ഹി: ഭാര്യയുടെ ജഡം തോളില്‍ പേറി ആശുപത്രിയില്‍ നിന്ന് കിലോമീറ്ററുകള്‍ നടന്ന ദാണ മാജിയെന്ന ഒഡീഷക്കാരന് കടലിനക്കരെ നിന്ന് കാരുണ്യ സഹായം. വനവാസി വിഭാഗത്തില്‍പെട്ട മാജിക്ക് ആശുപത്രി ആംബുലന്‍സ് കിട്ടാതെ, ആരുടെയും സഹായം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഭാര്യയുടെ ജഡം തുണിയില്‍ കെട്ടി ചുമക്കേണ്ടി വരികയായിരുന്നു.
ജഡം പേറിയ മാജിയും മകളും അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ചിത്രമായി. ചിത്രം ശ്രദ്ധയില്‍ പെട്ട ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ ഒമ്പതു ലക്ഷം രൂപയാണ് മാജിക്ക് നല്‍കിയത്. കാളഹന്ദിയില്‍ നിന്ന് ന്യൂദല്‍ഹിയിലെ ബഹ്‌റിന്‍ എംബസിയിലെത്തി 8.9 ലക്ഷം രൂപയുടെ ചെക്ക് ദാണ മാജി ഏറ്റുവാങ്ങി.
മൂന്ന് പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് പണം ബാങ്കില്‍ നിക്ഷേപിക്കുമെന്ന് 45-കാരനായ മാജി പറഞ്ഞു. ക്ഷയരോഗം ബാധിച്ചാണ് മാജിയുടെ ഭാര്യ ആഗസ്ത് 24-ന് മരിച്ചത്. മാജിയും പന്ത്രണ്ടുകാരിയായ മകള്‍ ചാന്ദ്‌നിയും കരഞ്ഞപേക്ഷിച്ചിട്ടും ജഡം കൊണ്ടുപോകാന്‍ ആരുടെയും സഹായം ലഭിച്ചില്ല. ഒടുവില്‍, തുണിയില്‍ പൊതിഞ്ഞ് തോളിലെടുത്ത് മാജി ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു.
ബഹ്‌റൈന്‍ എംബസിയിലേക്ക് മാജി വന്നത് ചാന്ദിനിക്കൊപ്പമാണ്. യാത്ര വിമാനത്തിലായിരുന്നു. എല്ലാം ബഹ്‌റിന്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത്. സഹായം ഒരിക്കലും മറക്കില്ലെന്ന് മാജി പറഞ്ഞു.കിട്ടിയ പല സഹായങ്ങളിലൊന്നാണ് ബഹ്‌റിനില്‍ നിന്നുള്ളത്. പണം മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും പ്രയോജനപ്പെടുത്തുകയാണ് മാജിയുടെ ലക്ഷ്യം.
മാജിയുടെ മൂന്ന് പെണ്‍മക്കള്‍ക്കും കാളഹന്ദി ജില്ലാ അധികൃതര്‍ പഠന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂവര്‍ക്കും ഹോസ്റ്റലില്‍ നിന്ന് പഠിക്കാം. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും തന്റെ ജീവിതം മാറിമറിയില്ലെന്ന് മാജി.
















