അട്ടാരി: ജനനവും മരണവും പാക്കിസ്ഥാനിലാണെങ്കിലും ചിതാഭസ്മമെങ്കിലും ഗംഗയിലൊഴുക്കണം. ഓരോ പാക് ഹിന്ദുവിന്റെയും ആഗ്രഹമാണത്. മരിച്ചു കഴിയുമ്പോള്‍ ചിതാഭസ്മ കലശങ്ങള്‍ ബന്ധുക്കള്‍ സൂക്ഷിക്കും. ഒന്നുകില്‍ അമ്പലങ്ങളില്‍, അതല്ലെങ്കില്‍ വീട്ടില്‍ത്തന്നെ.
എന്നെങ്കിലുമൊരിക്കല്‍ ഗംഗയിലൊഴുക്കാമെന്ന പ്രതീക്ഷയോടെ.
കറാച്ചിയിലെ പാഞ്ച് മുക്തി ഹനുമന്‍ മന്ദിറിലെ പൂജാരി രാംനാഥ് മിശ്രയും ബന്ധു കബീര്‍ കുമാറും കഴിഞ്ഞ ദിവസം 160 ചിതാഭസ്മ കലശവുമായി ഭാരതപാക് അതിര്‍ത്തിയായ അട്ടാരിയിലെത്തി. ഹരിദ്വാര്‍ സന്ദര്‍ശിച്ച് ചിതാഭസ്മമെല്ലാം ഗംഗയിലൊഴുക്കണം. അതാണ് ലക്ഷ്യം.
അഞ്ചുവര്‍ഷം മുമ്പും ഇതേപോലെ അദ്ദേഹമെത്തിയിരുന്നു. 135 കലശങ്ങളുമായി. ഇത്തവണ അദ്ദേഹത്തോടൊപ്പം മറ്റു പത്തുപേര്‍ കൂടി വിസയ്‌ക്ക് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ക്ഷേത്രത്തില്‍ 40 കലശങ്ങള്‍കൂടി മുക്തിക്കായി കാത്തിരിപ്പാണ്.
ഗംഗയില്‍ ഒഴുക്കാനായില്ലെങ്കില്‍ അത് അറബിക്കടലിലൊഴുക്കുകയേ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് മാര്‍ഗമുള്ളൂ. അത് ഹൈന്ദവാചാരങ്ങള്‍ക്ക് വിരുദ്ധവുമാണ്. പാക്കിസ്ഥാനിലെ മിക്ക ക്ഷേത്രങ്ങളിലും ചിതാഭസ്മം സൂക്ഷിച്ച പലകത്തട്ടുകള്‍ കാണാം.
ഹരിദ്വാറിലെത്തി ചടങ്ങുകള്‍ ചെയ്യാന്‍ മിക്ക കുടുംബങ്ങള്‍ക്കും സാധിക്കാറില്ല. പണച്ചെലവും വിസ ലഭിക്കാനുള്ള കടമ്പകളുമാണ് കാരണം. അതെല്ലാം ഞങ്ങള്‍ ശേഖരിച്ച് അമ്പലങ്ങളില്‍ സൂക്ഷിക്കും. രാംനാഥ് മിശ്ര പറയുന്നു. കറാച്ചിയിലെ ഹിന്ദു ശ്മശാന സമിതി പ്രസിഡന്റാണ് മിശ്ര.
















