മൂവാറ്റുപുഴ: ആര്‍ടി ഓഫീസിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് എസ്പി നിശാന്തിനി, ഡിവൈഎസ്പി ബിജുമോന്‍, മുന്‍ മൂവാറ്റുപുഴ ആര്‍ടിഒ അബ്ദുള്‍ കരീം, ഏജന്റ് ജോളി എന്നിവരെ പ്രതികളായ കേസിലെ വാദം പൂര്‍ത്തിയായി. 28ന് വിധി പറയും. മൂവാറ്റുപുഴ ആര്‍ടിഒ ആയിരുന്ന അബ്ദുള്‍ കരീമിനെ ക്രിമിനല്‍ കേസില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിച്ച നിശാന്തിനി, ഡിവൈഎസ്പി ബിജുമോന്‍ എന്നിവര്‍ ഗൂഢാലോചന നടത്തി. ഇത് അഴിമതി നിരോധന വകുപ്പിന്റെ കീഴില്‍വരുന്ന കുറ്റകൃത്യമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂര്‍-കാലടി- മലയാറ്റൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎല്‍ 07- എകെ 4007 നമ്പര്‍ വിനായക ബസ്സിന്റെ പെര്‍മിറ്റ് നല്‍കുന്നതിന് 30,000/-രൂപ കൈകൂലി ആവശ്യപ്പെട്ടതായിരുന്നു കേസിന്റെ തുടക്കം.
കഴിഞ്ഞ ജനുവരി 25ന് ഇത് സംബന്ധിച്ച് വിജിലന്‍സ് എസ്പിയായിരുന്ന നിശാന്തിനിയെ ഹര്‍ജിക്കാര്‍ സമീപിച്ചിരുന്നു. ത്വരിത അന്വേഷണറിപ്പോര്‍ട്ട് പ്രകാരം മൂന്നാംപ്രതി ഡിവൈഎസ്പി ഒരുട്രാപ്പ് കേസില്‍ ചെയ്യാവുന്ന എല്ലാ നടപടികളും ചെയ്തിട്ടുണ്ടെങ്കിലും എന്ത്‌കൊണ്ട് അതില്‍നിന്നും പിന്മാറിയെന്നത് അന്വേഷണ വിധേയമാണ്.
ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അപൂര്‍വ്വമാണെന്നും ഒന്ന് മുതല്‍ നാലുവരെ പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ കുറ്റക്കരമായ പ്രവര്‍ത്തികള്‍ അഴിമതി നിരോധിതവകുപ്പിന്റെ പരിധിയില്‍വരുമെന്നും എല്ലാ പ്രതികള്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
















