ആലുവ: നഗരമധ്യത്തില്‍ ആശുപത്രി മാലിന്യം റോഡിലൊഴുകിയത് പ്രതിഷേധത്തിനിടയാക്കി. ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം മെഡിഹെവന്‍ എന്ന സ്വകാര്യാശുപത്രിയില്‍ നിന്നാണ് മലിനജലം റോഡിലേക്കൊഴുകുന്നത്.
ഏറെ കാലമായി കെ.എം.കെ എന്ന പേരിലായിരുന്ന ആശുപത്രി അടുത്തിടെയാണ് പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തത്. തിങ്കളാഴ്‌ച്ച രാത്രി ഒന്‍പത് മണിയോടെയാണ് ആശുപത്രിയിലെ മലിനജല സംഭരണിയില്‍ ശേഖരിച്ചിരുന്ന മലിനജലം പൊതുകാനയിലേക്ക് ഒഴുക്കിയത്. കാന ശുചീകരണം ശരിയായ വിധം നടക്കാത്തതിനാല്‍ കാന നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് റോഡിലേക്കൊഴുകി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പോലീസ് എത്തിയെങ്കിലും അശുപത്രി അധികാരികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ നടപടിയെടുത്തില്ല.
ആശുപത്രി പഴയ മാനേജ്‌മെന്റിന് കീഴിലായിരുന്നപ്പോഴും മലിനജലം കാനയിലേക്കൊഴുക്കുന്നതിന്റെ പേരില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. മലിനജലം കാനയിലേക്കൊഴുക്കുന്നതിന്റെ ചിത്രമെടുത്ത മാധ്യമ പ്രവര്‍ത്തകനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത് ഏറെ വിവാദമായിരുന്നു. പുതിയ മാനേജ്‌മെന്റ് ആശുപത്രി ഏറ്റെടുത്ത ശേഷവും രാത്രി രണ്ട് മണിക്കും അഞ്ച് മണിക്കും മലിനജലം രഹസ്യമായി കാനയിലേക്ക് ഒഴുക്കുന്നുണ്ട്.
















