പള്ളുരുത്തി: മത്സ്യസംസ്‌ക്കരണശാലയിലെ ബാലവേലയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഒഡീഷസ്വദേശികളായ 13 പേര്‍ നാട്ടിലേക്ക് തിരിച്ചു. ചൊവ്വാഴ്ച രാത്രി 9ന് എറണാകുളത്തുനിന്നുമാണ് ഇവര്‍ യാത്രയായത്. ആന്ധ്രാസ്വദേശികളായ 13 പേര്‍ അടുത്താഴ്ച നാട്ടിലേക്ക് പോകും. ശേഷിക്കുന്ന 17 പേരെതാല്‍ക്കാലിക കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നതിനാണ് തീരുമാനം. ഇതിനിടയില്‍ കുട്ടികളെ ജോലിക്കായി ഇവിടെ എത്തിച്ച ഏജന്റ് വേണുഗോപാല്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന മട്ടാഞ്ചേരിയിലെ സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിയില്‍ നടന്നു. ഇതിന്റെ പരിശോധനാഫലം അടുത്തദിവസങ്ങളില്‍ ലഭിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
















