കൊച്ചി: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് എംഡിയെ ഉപരോധിച്ചു. ഓണച്ചന്തകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ള വ്യക്തിക്ക് കരാര്‍ നല്‍കിയത് കടുത്ത കെടുകാര്യസ്ഥതയാണ്. ഇതുന്നയിച്ചാണ് ഉപരോധം നടത്തിയത്.
136 കോടി രൂപയുടെ ക്രമക്കേടു നടത്തിയ മരിയന്‍ സ്‌പൈസസ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇതിന്റെ എംഡി വിജയകുമാര്‍ സിബിഐ അന്വേഷണം മുതല്‍ നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. എ.ടി.കെ.ട്രെഡേഴ്‌സ് എന്ന പഴയ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മരിയന്‍ സ്‌പൈസസ് എന്ന പുതിയ കമ്പനിയുടെ പേരിലാണ് കരാര്‍ നേടിയത്. ഇതില്‍ കണ്ണൂരിലെ ഒരു മന്ത്രിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.എച്ച്. ശൈലേഷ് കുമാര്‍, രാഹുല്‍ പി.എസ്., ജില്ലാ വൈസ് പ്രസിഡന്റുമാരായ സലീഷ് ചെമ്മണ്ടൂര്‍, നിതിന്‍ പി.പി., ജില്ലാ ഭാരവാഹികളായ ശ്രീജിത്ത് കളമശ്ശേരി, കൃഷ്ണലാല്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
















