കൊച്ചി: ഫോര്‍ട്ട് കൊച്ചിയെ മാലിന്യമുക്തമാക്കാനുമായി കേരള ടൂറിസം കൊച്ചി നഗരസഭയുമായും ടൂറിസം വ്യവസായത്തിലെ പങ്കാളികളുമായും ചേര്‍ന്ന് സംയുക്ത കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ഒരു മാസത്തിനകം പദ്ധതി പ്രവര്‍ത്തനക്ഷമമാക്കും.
പദ്ധതിക്ക് ടൂറിസം വകുപ്പും വാണിജ്യ സ്ഥാപനങ്ങളും പിന്തുണ നല്‍കും. ടൂറിസം സീസണിനുമുമ്പ് സുപ്രധാനമായ ഈ പൈതൃക കേന്ദ്രത്തെ ശുചീകരിച്ച് മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതതു സ്ഥലങ്ങളില്‍തന്നെ ഈ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ശാശ്വത പരിഹാരമാണ് പരിഗണനയിലുള്ളത്. ഫോര്‍ട്ട് കൊച്ചി പൈതൃക സംരക്ഷണ സൊസൈറ്റി 21 പേരെ ശുചീകരണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ നിയോഗിക്കാനും മാലിന്യസംഭരണത്തിനായിമാത്രം ഒരു ലോറി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.
മാലിന്യ സംസ്‌കരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാമ്പത്തികസഹായം, തൊഴില്‍ശക്തി, ഉപകരണങ്ങള്‍ എന്നിവയുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് ശ്രീ യു.വി.ജോസ് അറിയിച്ചു. പ്രദേശത്തുതന്നെയുള്ള മാലിന്യസംസ്‌കരണമാണ് ഫോര്‍ട്ട് കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് മേയറും നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുമടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാന്‍ നഗരസഭയ്‌ക്ക് സാമ്പത്തിക സഹായവും ആള്‍ശേഷിയും ഉപകരണ സംവിധാനങ്ങളും നല്‍കാന്‍ കേരള ടൂറിസം തയാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി നഗരസഭാ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശമുയര്‍ന്നത്. മേയര്‍ സൗമിനി ജയിന്‍, കേരള ടൂറിസം ഡയറക്ടര്‍ യു.വി ജോസ് എന്നിവര്‍ പങ്കെടുത്തു.
















